പുൽപ്പള്ളി: അഗ്നിരക്ഷാ നിലയത്തിനുള്ള സ്ഥലവുമായി ബന്ധപ്പെട്ട് എൽഡിഎഫും യുഡിഎഫും രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി പുൽപ്പള്ളി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
പുൽപ്പള്ളി മേഖലയിൽ അപകടം ഉണ്ടാകുന്പോൾ 24 കിലോമീറ്റർ ദൂരമുള്ള ബത്തേരിയിൽ നിന്നാണ് അഗ്നിരക്ഷാ സേന എത്തുന്നത്. സേന എത്തുന്പോഴേക്കും ആളുകളുടെ ജീവനും അപകടത്തിന്റെ തീവ്രതയും വർധിച്ചിണ്ടാകാം. വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യമാണ് അഗ്നിരക്ഷാ നിലയം പുൽപ്പള്ളിയിൽ കൊണ്ടുവരിക എന്നുള്ളത്. താത്കാലികമായി നിലയം തുടങ്ങാൻ സ്ഥലം നൽകാൻ അധികൃതരോട് ആവശ്യപ്പെട്ടപ്പോൾ പുൽപ്പള്ളിയിലുള്ള പഴയ സിഎച്ച്സി കെട്ടിടത്തിൽ തുടങ്ങാമെന്ന് അറിയിച്ചു.
എന്നാൽ യുഡിഎഫ് ഭരിക്കുന്ന പനമരം ബ്ലോക്കിന്റെ കീഴിലുള്ളതാണ് സിഎച്ച്സി. ബ്ലോക്ക് പഞ്ചായത്ത് അധികൃതർ ഇതുമായി ബന്ധപ്പെട്ട് കൃത്യമായ ഒരു വിവരം നൽകുന്നില്ലെന്നും കെട്ടിടം വാടകയ്ക്ക് എടുത്ത് നൽകാനോ മറ്റ് സജീകരണങ്ങൾ ചെയ്യാനോ പഞ്ചായത്തും തയാറാകുന്നില്ലെന്ന് ബിജെപി ആരോപിച്ചു. അഗ്നിരക്ഷാ നിലയം പുൽപ്പള്ളിയിൽ സ്ഥാപിക്കുന്നതിൽ അനാസ്ഥ തുടർന്നാൽ സമര പരിപാടികൾ തുടങ്ങുമെന്ന് ബിജെപി പുൽപ്പള്ളി പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. യോഗത്തിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ.കെ. സനൽ കുമാർ അധ്യക്ഷത വഹിച്ചു. പി.ആർ. സുഭാഷ്, കെ.ഡി. ഷാജിദാസ്, മനു പ്രസാദ് എന്നിവർ പ്രസംഗിച്ചു.